2010 ജൂലൈ 15, വ്യാഴാഴ്‌ച

കണ്ടല്‍: പഠന സംഘം കരുനാഗപ്പള്ളിയില്‍




സംസ്ഥാനത്തെ കണ്ടല്‍ കാടുകളെക്കുറിച്ച് പഠിക്കുവാന്‍ നിര്‍വാഹക സമിതി നിയോഗിച്ച വിദഗ്ധസമിതി കരുനാഗപ്പള്ളി മേഖലയില്‍ സന്ദര്‍ശനം നടത്തി. ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ: വി.എസ്. വിജയന്‍, ബോര്‍ഡ് അംഗം ഡോ: ജോര്‍ജ് ഡി'ക്രൂസ്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ: യു. കെ. ഗോപാലന്‍, പരിഷത്ത് പ്രസിടന്റ്റ് ഡോ: കാവുമ്പായി ബാലകൃഷ്ണന്‍, നിര്‍വാഹക സമിതി അംഗം ശ്രീ. വി. ആര്‍. രഘുനന്ദനന്‍, ജില്ലാ പരിസ്ഥിതി സബ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ. വി കെ. മധുസൂദനന്‍, ജില്ലാ സെക്രട്ടറി ശ്രീ. യു. ചിത്രജാതന്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീ. എസ്. രാജശേഖര വാര്യര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മേഖലാ പ്രസിടന്റ്റ്, സെക്രട്ടറി എന്നിവരോടൊപ്പം ആലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രേസിടന്റ്റ് ശ്രീ. ജി. രാജദാസും സംഘത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മേഖലയിലെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ ആയിരംതെങ്ങ് കാട്ടുകണ്ടം, ചെറിയഴീക്കല്‍, പണ്ടാരതുരുത്ത് എനീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

2010 ജൂലൈ 1, വ്യാഴാഴ്‌ച

മാസിക: ലക്‌ഷ്യം 2000


2009ലെ മാസിക പ്രചാരണത്തില്‍ 1100 മാസിക ചേര്‍ത്ത് കൊണ്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നില നിര്‍ത്തിയ മേഖല ഇത്തവണ 2000മാസിക ചേര്‍ക്കുവനാണ് ലക്ഷ്യമിടുന്നത്. മാസിക പ്രചാരണം പ്രധാന അജണ്ടയാക്കിക്കൊണ്ട് ജൂണ്‍ 27 നു ചേര്‍ന്ന മേഖല പ്രവര്‍ത്തക യോഗം കംപെയിന്റെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. യൂനിട്ടുകളിലും സ്കൂളുകളിലും മാസികാ എജെന്സി ആരംഭിക്കുവാനും പ്രത്യേക യുറീക്ക പ്രചരണം, വിജ്ഞാനോത്സവം, എന്നിവയിലൂടെ വാര്‍ഷിക വരിക്കാരെ കണ്ടെത്തുവാനും തീരുമാനിച്ചു. വിവിധ യൂനിട്ടുകള്‍ക്കുള്ള ക്വോട്ട തീരുമാനിച്ചു നല്‍കി. കാമ്പെയിന്റെ ഒന്നാം ഘട്ടം ജൂലായ്‌ 20നും രണ്ടാം ഘട്ടം ആഗസ്റ്റ്‌ 10 നും പൂര്‍ത്തിയാക്കും.

2010 ജൂൺ 28, തിങ്കളാഴ്‌ച

'സംഘശക്തി'ക്ക് സമാരംഭമായി...


ശാസ്ത്രസാഹിത്യ പരിഷത്ത് വേങ്ങ യൂണിറ്റും 'ശിവശക്തി' കുടുംബശ്രീ യൂണിറ്റും ചേര്‍ന്ന് രൂപീകരിച്ച 'സംഘശക്തി' സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍ MLA നിര്‍വഹിച്ചു. കുടുംബശ്രീ യൂനിട്ടുകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ചെറുകിട ഉത്പാദന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കുക, ആരോഗ്യ, വിദ്യാഭ്യാസ, വികസന, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയാണ് സംഘത്തിന്റെ ലക്ഷ്യങ്ങള്‍. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഉദ്പാദനം ആരംഭിച്ച 'ശക്തി' ടോയലെറ്റ് സോപ്പിന്റെ വിപണന ഉദ്ഘാടനവും തദവസരത്തില്‍ നിര്‍വഹിക്കപ്പെട്ടു. ജൂണ്‍ 27 ഞായറാഴ്ച വേങ്ങയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഒര്ടിനെട്ടര്‍ എ.കെ.ശങ്കര്‍, പരിഷത്ത് മേഖല പ്രേസിടന്റ്റ് എന്‍. സുരേന്ദ്രന്‍, സി.ഡി.എസ്‌ ചെയര്‍പെഴ്സന്‍ ചിത്രലേഖ, പരിഷത്ത് ജില്ല കമ്മിറ്റി അംഗം എസ്‌. രാജശേഖര വാര്യര്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്ത് യൂനിറ്റ് പ്രസിടന്റ്റ് എ.എസ്‌. സുല്‍ഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

2010 ജൂൺ 11, വെള്ളിയാഴ്‌ച

ഭോപ്പാല്‍: വിധി ഭരണകൂടങ്ങളുടെ ഒത്തുകളി...

ഭോപ്പാല്‍ കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ക്ക് 25 വര്‍ഷത്തെ വിചാരണ പ്രഹസനത്തിനു ശേഷം നിസ്സാര ശിക്ഷ നല്‍കിയ കോടതി വിധിയില്‍ പ്രതിഷേധിച്ചു മേഖലയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പതിനായിരങ്ങളെ കൊലപ്പെടുത്തിയ കമ്പനിയുടെ ലാഭക്കൊതിയെ 'മനപൂര്‍വമല്ലാത്ത' തെറ്റായി ലഘൂകരിച്ച കോടതി നടപടി ഇന്‍ഡോ- അമേരിക്കന്‍ ഭരണകൂടങ്ങളുടെ ഒത്തുകളിയുടെ ഫലമാണ്‌. വിധിയില്‍ പ്രതിഷേധിച്ചു ജൂണ്‍ 11 നു കരുനാഗപ്പള്ളിയില്‍ വായ് മൂടിക്കെട്ടി നടത്തിയ ജാഥയില്‍ മഴയെ അവഗണിച്ചുകൊണ്ട് മുപ്പതോളം പേര്‍ പങ്കെടുത്തു. സിവില്‍ സ്റെഷന് മുന്നില്‍ നിന്ന് ആരംഭിച്ച ജാഥ ടൌണ്‍ ചുറ്റി ടൌണ്‍ എല്‍. പി. എസ്സിന് മുന്നില്‍ സമാപിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം വിജയമ്മലാലി, മേഖലാ പ്രസിടന്റ്റ് എന്‍. സുരേന്ദ്രന്‍, സെക്രട്ടറി . ഷാനവാസ്‌ എന്നിവര്‍ നേത്രത്വം നല്‍കി.
മേഖലാ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക പോസ്ടരിന്റെ 300 കോപ്പി മേഖലയില്‍ പ്രചരിപ്പിച്ചു.

2010 ജൂൺ 9, ബുധനാഴ്‌ച

'നേര്‍വഴി' : വസ്തുതകളുടെ വിളംബരം...

ദേശീയ പാത സ്വകാര്യവല്കരനതിനെതിരെ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി പ്രസിദ്ധീകരിച്ച 'നേര്‍വഴി' എന്ന ലഘു പത്രം ജനശ്രദ്ധ ആകര്‍ഷിച്ചു. സ്വകാര്യവല്കരണ വിരുദ്ധ സമരത്തെ വസ്തുതകള്‍ മനസ്സിലാക്കാതെ വികസന വിരുദ്ധം എന്ന് ആക്ഷേപിക്കുന്നവര്‍ക്ക് 'നേര്‍വഴി' പുതിയ അറിവുകളാണ് നല്‍കിയത്. 'നേര്‍വഴി'യുടെ 1000കോപ്പി മേഖലയില്‍ വിതരണം ചെയ്തു.
'നേര്‍വഴി' യുടെ പൂര്‍ണ രൂപം കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യൂ...

ബി.ഓ.ടി റോഡ്‌ വേണ്ടേ... വേണ്ട...!

ദേശീയ പാത സ്വകാര്യവല്കരണത്തിന് എതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളിയില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സിവില്‍ സ്റെഷന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടൌണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ജില്ല കമ്മിറ്റി അംഗം എസ് . രാജശേഖര വാര്യര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പാത വികസനം ഉടന്‍ നടപ്പാക്കണമെന്നും നിലവിലുള്ള 30 മീറ്ററില്‍ നാലുവരി പാത സര്‍ക്കാരിനു തന്നെ നിര്മിക്കാമെന്നിരിക്കെ ബി. ഓ. ടി മാര്‍ഗം തേടുന്നത് പൊതു ഗതാഗത സംവിധാനങ്ങള്‍ സ്വകാര്യവല്കരിച്ചു മൂലധന ശക്തികള്‍ക്ക് ലാഭം വര്‍ധിപ്പിക്കാനുള്ള വഴി ഒരുക്കലാനെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ പാത സ്വകാര്യവല്കരനതിനെതിരെ മേഖല കമ്മിറ്റി തയാറാക്കിയ 'നേര്‍വഴി' എന്ന പ്രത്യേക സപ്ലിമെന്റ് മാര്‍ച്ചില്‍ ശ്രദ്ധേയമായി. സപ്ലിമെന്റിന്റെ 1000 കോപ്പി ടൌണില്‍ വിതരണം ചെയ്തു.

2010 ജൂൺ 7, തിങ്കളാഴ്‌ച

ഒത്തിരി ജീവജാലങ്ങള്‍, ഒരു ഭൂമി, ഒരു ഭാവി...

ലോക പരിസ്ഥിതി ദിനം മേഖലയില്‍ വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്‌. യു.എന്‍..പി യുടെ പരിസരദിന സന്ദേശമെഴുതിയ 3000 ബാട്ജുകള്‍ തയാറാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്തു. 10 സ്കൂള്കളില്‍ ബാഡ്ജ് വിതരണം നടന്നു. പരിസ്ഥിതി വിഷയമായ മൂന്നു ലഘുചിത്രങ്ങള്‍ അടങ്ങിയ സി.ഡി തയാറാക്കി മേഖലയിലെ സ്കൂള്‍കളില്‍ എത്തിച്ചു കൊടുത്തു. വിവിധ വിദ്യാലയങ്ങളില്‍ നടന്ന പരിപാടികളില്‍ പരിഷദ് പ്രവര്‍ത്തകര്‍ ക്ലാസ് എടുത്തു. നമ്പര് വികാല യു .പി. സ്കൂളില്‍ നടന്ന പരിസര ദിനാചരണം മേഖല പ്രസിടന്റ്റ് എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

2010 ജൂൺ 1, ചൊവ്വാഴ്ച

'ഭൂമി പൊതു സ്വത്ത് ' യൂനിറ്റ് സംവാദങ്ങള്‍ മുന്നോട്ട്...



ഭൂസംരക്ഷണ ജാഥയ്ക്ക് അനുബന്ധമായി മേഖല സംഘടിപ്പിക്കുന്ന യൂനിറ്റ് സംവാദങ്ങളുടെ ഒന്നാം ഘട്ടം പങ്കാളിത്തം കൊണ്ടും ചര്‍ച്ച കൊണ്ടും ശ്രദ്ധേയമായി. മേഖലയിലെ 15 യൂനിറ്റ്കളില്‍ 7ഇടങ്ങളിലും സംവാദം പൂര്‍ത്തിയായി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, കര്‍ഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ സംവാദ കേന്ദ്രങ്ങളില്‍ പങ്കെടുത്തു. ടൌണ്‍ നോര്‍ത്ത് യൂണിറ്റില്‍ ജില്ല കമ്മിറ്റി അംഗം എസ് .രാജശേഖര വാര്യരും കോഴിക്കോട്, തൊടിയൂര്‍ കിഴക്ക്, കല്ലേലിഭാഗം, വേങ്ങ യൂണിറ്റുകളില്‍ മേഖലാ പ്രസിടന്റ്റ് എന്‍. സുരേന്ദ്രനും മരുതൂര്‍കുളങ്ങര, ഇടക്കുളങ്ങര യൂണിറ്റുകളില്‍ മേഖലാ കമ്മിറ്റി അംഗം കെ. ജി. ശിവപ്രസാദും വിഷയാവതരണം നടത്തി. സംവാദങ്ങളില്‍ 15മുതല്‍ 35 വരെ ആളുകള്‍ പങ്കെടുത്തു.

2010 മേയ് 6, വ്യാഴാഴ്‌ച

ഭൂമി പൊതു സ്വത്ത് മേഖലാ ക്യാമ്പയിന്‍


ഭൂമി പൊതു സ്വത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന ജാഥയ്ക്ക് അനുബന്ധമായി മേഖലയില്‍ വിപുലമായ സംവാദ സദസ്സുകള്‍ വിളിച്ചു ചേര്‍ക്കുവാന്‍ മേഖലാ കമ്മിറ്റി തീരുമാനിച്ചു. വായനശാലകളുടെയും കലാ സാംസ്‌കാരിക സംഘങ്ങളുടെയും സഹകരണത്തോടെ 16 യൂനിറ്റ്കളില്‍ നടക്കുന്ന സംവാദങ്ങളില്‍ മേഖലാ-ജില്ല കമ്മിറ്റി അംഗങ്ങളും മുന്‍കാല പ്രവര്‍ത്തകരും വിഷയ വിദഗ്ദ്ധരും ഉള്‍പ്പെടെയുള്ള സംഘം വിഷയാവതരണം നടത്തും. യൂനിറ്റ് സംവാദ സദസ്സുകളില്‍ വിഷയം അവതരിപ്പിക്കുന്നവരുടെ പരിശീലനം മേയ് 7 വെള്ളിയാഴ്ച കരുനാഗപ്പള്ളി ടൌണ്‍ എല്‍.പി.എസ്സില്‍ നടന്നു. പരിശീലനത്തിനു കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. ജോജി കൂട്ടുമ്മേല്‍ നേതൃത്വം നല്‍കി. 32പേര്‍ പങ്കെടുത്തു.

യൂനിറ്റ് സംവാദ സദസ്സുകളുടെ ഉദ്ഘാടനം മെയ്‌ 15ശനിയാഴ്ച കോഴിക്കോട് യൂണിറ്റില്‍ നടക്കും.

2010 ഏപ്രിൽ 20, ചൊവ്വാഴ്ച

ഭൂസംരക്ഷണ ജാഥ കരുനാഗപ്പള്ളിയില്‍...

മനുഷ്യന്റെ ആര്‍ത്തി പ്രകൃതി ദുരന്തങ്ങളിലേക്ക്‌ നയിക്കുന്നു: ഡോ. ആര്‍.വി. ജി. മേനോന്‍
ഭൂമിക്കു മേല്‍ അതിനു സഹിക്കാവുന്ന ദ്രോഹങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിത ശൈലി രൂപപ്പെടുത്തുകയും ചെയ്തിരുന്നവരാണ് മനുഷ്യര്‍ എന്നും എന്നാല്‍ ഇന്ന് ഭൂമി പണം നിക്ഷേപിക്കുവാനും ലാഭം വര്‍ദ്ധിപ്പിക്കുവാനും ഉള്ള ചരക്കായി മാറിയിരിക്കുകയാണെന്നും
ഡോ. ആര്‍. വി. ജി. മേനോന്‍ പറഞ്ഞു. വികസനം എന്നാല്‍ ബഹുനില കെട്ടിടങ്ങളും ഫ്ലാറ്റ്കളുമാണ് എന്ന ധാരണ വന്നു. ഭൂമിയുടെ പച്ചപ്പുകള്‍ പറിച്ചെറിഞ്ഞു പുഴകള്‍ വറ്റിച്ച് നാം നടത്തുന്ന കൈയേറ്റം ലാഭം നേടാനുള്ള മുതലാളിത്തത്തിന്റെ ആര്ത്തിയുടെ ഭാഗമാണ്. ആര്‍ത്തി ദുരന്തത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്.
ഭൂ സംരക്ഷണ ജാഥയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മേഖലാപ്രസിഡണ്ട്‌ എന്‍.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി .ഷാനവാസ്‌ സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും ജനപ്രതിനിധികളും ഉള്‍പ്പെടെ
67പേര്‍ ജാഥയെ സ്വീകരിച്ചു. സംഘാടക സമിതി ചെയര്‍മാനായി സി.വിജയന്‍പിള്ളയും കണ്‍വീനറായി ആര്‍.റജിയും പ്രവര്‍ത്തിച്ചു.