2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

രസങ്ങളുടെ രസക്കൂട്ടോരുക്കി "രസതന്ത്ര വണ്ടി" എത്തി..


ശൂന്യതയില്‍ നിന്നും തീയുണ്ടാകുന്നതും വെളുത്ത പ്രതലത്തില്‍ വര്‍ണക്ഷരങ്ങള്‍ തെളിയുന്നതും കുരുന്നുകള്‍ക്ക് അദ്ഭുതവും ആവേശവും പകരുന്ന കാഴ്ചയായി. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷ ആചരണത്തിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിച്ച "രസതന്ത്ര വണ്ടി" കുട്ടികള്‍ക്ക് കൌതുകമുള്ള അനുഭവങ്ങള്‍ സംമാനിക്കുന്നതയിരുന്നു. മേഖലയിലെ മൂന്നു കേന്ദ്രങ്ങളില്‍ സംഘം പരിപാടികള്‍ അവതരിപ്പിച്ചു. മാഡം ക്യൂരിയുടെ ജീവിതത്തെ ആസ്പദമാക്കിയ പാവ നാടകവും രസതന്ത്ര പാനല്‍ പ്രദര്‍ശനവും അവതരിപ്പിക്കപ്പെട്ടു. കരുനാഗപ്പള്ളി പട. തെക്ക് വെല്‍ഫെയര്‍ യു.പി.എസ്‌, കല്ലേലിഭാഗം ജനതാ വായനശാല, കിഴക്കേ തേവലക്കര യു.പി.എസ്‌ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം കുട്ടികളും ബഹുജനങ്ങളും പരിപാടികള്‍ കാണാനെത്തി. പരിപാടിയുടെ സംഘടനത്തിന് വേണ്ടി മൂന്നു കേന്ദ്രങ്ങളിലുമായി 20000 രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു.

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

പള്ളിക്കലാര്‍ പഠനത്തിനു ഉജ്വല തുടക്കം..



മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പള്ളിക്കലാര്‍-വട്ടക്കായല്‍ പഠനത്തിനു ആരംഭമായി. ഒക്ടോബര്‍ 5 നു രാവിലെ കന്നേറ്റി ബോട്ട് ജെട്ടിയില്‍ നടന്ന ചടങ്ങില്‍ കായല്‍ മാര്‍ഗമുള്ള വിവരശേഖരണ യാത്ര കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാന്‍ എം.അന്‍സാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. പഠനസംഘം കണ്‍വീനര്‍ സി.ശിവന്‍ പതാക ഏറ്റുവാങ്ങി. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിടന്റ്റ് എല്‍.ഷൈലജ, CMFRI റിട്ട. സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ.കെ.അപ്പുക്കുട്ടന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ജെ.പ്രസന്നകുമാര്‍, റിമോട്ട് സെന്‍സിംഗ് ഏജന്‍സി സയന്റിസ്റ്റ് ഡോ.എം.സി.അനില്‍കുമാര്‍, പരിഷത്ത് ജില്ലാ സെക്രട്ടറി യു.ചിത്രജാതന്‍, പരിഷത്ത് ജില്ലാ പരിസരസമിതി കണ്‍വീനര്‍ വി.കെ.മധുസൂദനന്‍, മുന്‍ ജില്ലാ പഞ്ചായത്ത്‌ അംഗം വിജയമ്മാ ലാലി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന കായല്‍ യാത്രയിലും പ്രാഥമിക വിവര ശേഖരണത്തിലും 25 പ്രവര്‍ത്തകര്‍ അവരോടൊപ്പം ചേര്‍ന്നു. കന്നേറ്റി കായലില്‍ നിന്നും പള്ളിക്കല്‍ ആറിലേക്ക് 10 കിലോമീറ്റര്‍ ബോട്ട് മാര്‍ഗം നടത്തിയ വിവര ശേഖരണ യാത്ര ഒട്ടേറെ പുതിയ അറിവുകളും അനുഭവങ്ങളും നല്‍കുന്നതായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച യാത്ര വൈകിട്ട് 6മണിക്ക് സമാപിച്ചു. വിവിധ സ്ഥലങ്ങളിലെ ജല സാമ്പിളുകളും കായല്‍ സസ്യങ്ങളും ശേഖരിച്ചു പരിശോധനയ്ക്ക് നല്‍കി. ആറിന്റെ ആഴം, ഗതി, മലിനീകരണം, തീരസംരക്ഷണം എന്നിവ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ യാത്രയിലൂടെ ലഭ്യമായി.
യാത്രാ സംഘത്തിനു വിവിധ കേന്ദ്രങ്ങളില്‍ കല്ലേലിഭാഗം യൂനിറ്റ്, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മധ്യാഹ്ന, സമാപന കേന്ദ്രങ്ങളില്‍ സംഘത്തിനു ഭക്ഷണം ഒരുക്കിയത് ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയാണ്. ഫിഷറീസ് വകുപ്പ്, കരുനാഗപ്പള്ളി നഗരസഭാ, തൊടിയൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പഠനത്തില്‍ സമഗ്ര വിവര ശേഖരണമാണ് ലക്ഷ്യമിടുന്നത്.